ആരോഗ്യപരമായ ചർച്ചകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 2017ൽ സ്ഥാപിക്കപ്പെട്ട ഒരു കൂട്ടായ്മ ആണ് Sustainable Menstruation Kerala Collective (SMKC). ആർത്തവത്തെ പറ്റിയും അതിനോട് അനുബന്ധമായി വരുന്ന ableism, gender, മാനസികാരോഗ്യം, ലൈംഗികാരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിവിധ വശങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടു സമഗ്രമായ സമീപനം ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്ന് കൊണ്ട് രൂപം കൊണ്ട ഒരു കൂട്ടായ്മ ആണ് SMKC. കുട്ടികൾ, യുവജനങ്ങൾ എന്നിവരിൽ ആർത്തവത്തെയും അതിന് അനുബദ്ധമായി വരുന്ന വിഷയങ്ങളെയും പറ്റി സംസാരിക്കുവാനും, അനുഭവങ്ങൾ പങ്കുവയ്ക്കുവാനും, ചർച്ച ചെയ്യുവാനും SMKC പരിശ്രമിക്കുന്നു. അതോടൊപ്പം തന്നെ ഈ മേഖലയിലേക്കു പ്രവർത്തിക്കാൻ താല്പര്യമുള്ള സംഘടനകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുവാനും SMKC പരിശ്രമിക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൂട്ടായ്മ കേരത്തിലുടനീളം ചർച്ചകൾ,ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.
ആർത്തവം മുഖ്യധാര ചർച്ചകളുടെ ഭാഗമായി കൊണ്ടുവരാൻ സാധിച്ചതിൽ SMKC പ്രധാനമായി പ്രവർത്തിച്ചിട്ടുണ്ട്.
നിലവിലെ ആർത്തവ ചർച്ചകൾ പ്രധാനമായും തന്നെ ഉത്പന്നങ്ങളെ ചുറ്റിപ്പറ്റിയും അവയുടെ വിതരണത്തെ പറ്റിയുമായി ചുരുങ്ങുന്നതായി ആണ് കാണാൻ സാധിക്കുന്നത്. ഒരു വശത്തു ആർത്തവത്തെ സംബന്ധിക്കുന്ന എല്ലാ അറിവുകളും ഇന്നും രഹസ്യമായി കാത്തു സൂക്ഷിക്കപ്പെടുകയും, വിശ്വാസങ്ങളുടെ നൂലാമാലയിൽ കുടുക്കി വ്യക്‌തി സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന ആചാരങ്ങൾ നിലനിൽക്കുകയും ചെയ്യുമ്പോൾ മറു വശത്തു സ്വന്തം ശരീരത്തെ പോലും മനസ്സിലാക്കാൻ സാഹചര്യം നൽകാതെ, ഉത്പന്നം ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ കുറ്റം ചാർത്തിക്കൊടുക്കുകയും ചെയ്യുന്നതാണ് നിലവിലത്തെ സ്ഥിതിവിശേഷം. ഉത്പന്നങ്ങൾ ഏതു തന്നെ ആയാലും പരിസരത്തിനേക്കാൾ ഹാനി ഉപയോഗിക്കുന്നവരുടെ ശരീരത്തിന് ഉണ്ടാകുന്നുണ്ടോ എന്നത് എവിടെയും പരാമർശിച്ചു കണ്ടിട്ടില്ല. വലിച്ചെറിയപ്പെടുന്ന പാഡുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മാത്രം ആവർത്തിച്ചു ചർച്ച ചെയ്യപ്പെടുമ്പോൾ സങ്കീണമായ പല വസ്തുതകളും ഇപ്പോഴും നിശ്ശബ്ദമായി നിലകൊള്ളുകയാണ്.
ഉത്പന്നങ്ങൾ അപ്രധാനം എന്നല്ല, മറിച്ചു ആർത്തവം ഉള്ള ഓരോ വ്യക്തിക്കും അവബോധത്തോടെ ഉള്ള തിരഞ്ഞെടുപ്പു നടത്താനുള്ള സാഹചര്യം ഒരുക്കുക എന്നത് വളരെ പ്രധാനം എന്നാണ് മനസ്സിലാക്കേണ്ടത്. അത് പക്ഷെ കുറ്റബോധം പേറിയോ ഭയത്താലോ ആകരുത് എന്ന് മാത്രം. ഉത്പന്നം മുതൽ ജീവിതരീതി വരെ ഈ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യം ആണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഉത്പാദിപ്പിക്കപ്പെടുന്ന സാനിറ്ററി പാഡ് മാലിന്യത്തിന്റെ അളവ് കണക്കിലാക്കുന്നത് ജനസംഖ്യയെ ആനുപാതികം ആക്കിയാണ്. വികേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പിലാക്കുന്ന സ്ഥലങ്ങളിൽ പോലും സാനിറ്ററി പാഡുകൾ ശേഖരിക്കുവാനോ സംസ്‌ക്കരിക്കുവാനോ ഉള്ള സംവിധാനം നിലവിലില്ല. അതിനാൽ തന്നെ കൃത്യമായ കണക്കുകൾ കാണുവാൻ നമുക്കു പ്രയാസം ആണ്. അശുദ്ധി ആയി ആർത്തവത്തെ കണക്കാക്കുന്നതിനാൽ ഉപയോഗിച്ചു കഴിഞ്ഞ സാനിറ്ററി പാഡിന്റെ നിർമാർജനവും ഭൂരിഭാഗം വ്യക്തികളും രഹസ്യമായും ചിട്ടയായും ആണ് ചെയ്യുന്നത്. കത്തിക്കുകയോ, ഫ്ലഷ് ചെയ്യുകയോ ആണ് ഇപ്പോൾ പ്രധാനമായും കണ്ടു വരുന്ന രീതി. ഇൻസിനറേറ്റർ എന്ന പേരിൽ വിപണിയിൽ വരുന്ന നാപ്കിൻ ഡിസ്‌ട്രോയെർ ഉപയോഗിക്കുന്ന ചെറിയൊരു ശതമാനം ആളുകളും ഉണ്ട്. നിലവിലെ നിർമാർജന രീതികൾ ഒക്കെത്തന്നെയും ഹാനികരമായി ഭവിക്കുന്നത് നിലവിലുള്ള സംവിധാനങ്ങൾ ശാസ്ത്രീയവും കാര്യക്ഷമവും അല്ലാത്തതിനാൽ ആണ് എന്ന് വേണം കരുതാൻ. മാലിന്യസംസ്കരണ സംരംഭങ്ങളിൽ സാനിറ്ററി പാഡ് ഉയർത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ശതമാനക്കകണക്കു നോക്കിയാൽ ജൈവ-അജൈവ മാലിന്യങ്ങളിൽ നിന്നും വളരെ കുറവാണെങ്കിലും സാനിറ്ററി പാഡ് മാലിന്യസംസ്ക്കരണധാരയിൽ എത്തിക്കാനോ അവ സംസ്കരിക്കാനോ ഉള്ള സംവിധാനങ്ങൾ നിലവിലില്ല. വികേന്ദ്രീകൃതമായി ഇവ ശേഖരിക്കപ്പെടുകയും കാര്യക്ഷമമായി ഇവ സംസ്കരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വത്തെ ഓരോ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തു നടത്തേണ്ടത് അത്യാവശ്യം ആണ്. നിർമാർജന സംവിധാനങ്ങളുടെ അഭാവം ആണ് സാനിറ്ററി പാഡ് ഉപയോഗിക്കുന്ന ആർത്തവധാരികളുടെ മേൽ അവരുടെ തിരഞ്ഞെടുപ്പിന്റെ കുറ്റമായി വന്നു ഭവിക്കുന്നത്. വ്യക്തികളുടെ തിരഞ്ഞെടുപ്പ് പ്രധാനം എന്നത് പോലെ തന്നെ നിർമാർജനസംവിധാനങ്ങളും അവയുടെ പ്രവർത്തനവും പ്രധാനം തന്നെ ആണ്.
ഒറ്റത്തവണ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകളിൽ അടങ്ങിയിരിക്കുന്ന ശരീരത്തിന് ഹാനികരമായ രാസവസ്തുക്കളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്. നിലവിലുള്ള ഒരു ബ്രാൻഡും തന്നെ അവരുടെ ഉത്പാദിപ്പിക്കുന്ന പാഡിൽ എന്തൊക്കെ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടില്ല. ശരീരത്തിന്റെ വളരെ അധികം നേർമയുള്ള ഭാഗത്തു വയ്ക്കുന്ന പാഡുകളിലെ രാസവസ്തുക്കൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നുണ്ടോ എന്നും അതിനാൽ ആരോഗ്യപ്രശ്നങ്ങൾ വരുന്നുണ്ടോ എന്നതും ഇന്നും നമുക്കു അപരിചിതമാണ്. ഇന്ത്യയുടെയോ കേരളത്തിന്റേയോ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച പഠനങ്ങൾ പുറത്തു വന്നിട്ടില്ല. വർധിച്ചു വരുന്ന PCOD, PCOS, PMDD എന്നിവയിൽ സാനിറ്ററി പാഡിലെ രാസവസ്തുക്കളുടെ സാന്നിധ്യം വഹിക്കുന്ന പങ്ക് ഇന്നും അജ്ഞാതമാണ്. പരസ്യങ്ങളിൽ സുഗന്ധദായിയായ, ധൈര്യം പകർന്നു തരുന്ന,എല്ലാത്തിലും ഒന്നാമത് എത്താനുള്ള ആത്മവിശ്വാസം തരുന്ന പാഡുകൾ രഹസ്യമായി എന്താണ് ചെയ്യുന്നത് എന്ന് അറിയാനുള്ള അവകാശം സാനിറ്ററി പാഡിന്റെ ഉപഭോക്താക്കൾക്കുണ്ട്.അതിനായി നമ്മൾ ചോദ്യങ്ങൾ ഉയർത്തേണ്ടത് അത്യാവശ്യമാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ചു പുനഃരുപയോഗം ചെയ്യാൻ കഴിയുന്ന കോട്ടൻപാഡുകൾ, സിലിക്കൺ മെനുസ്ട്രുവൽ കപ്പ് എന്നിവയെപറ്റിയുള്ള അവബോധം വർധിക്കുകയും, അവ തിരഞ്ഞെടുക്കാൻ ഉള്ള പ്രേരണ വ്യക്തികൾക്ക് ഉണ്ടാക്കുന്നതായും കാണാൻ സാധിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മകൾ ഉണ്ടാകുകയും, പരസ്പരം കൈത്താങ്ങായി നിലകൊണ്ടു സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുന്നതും, പുനഃരുപയോഗം ചെയ്യുന്ന ആർത്തവ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ഒരു ഉപാധി ആണ്. പുനഃരുപയോഗം ചെയ്യാൻ സാധിക്കുന്ന പാഡുകളുടെ ഉല്പാദന യൂണിറ്റുകൾ തുടങ്ങുന്നത് ഒരു വരുമാന മാർഗം ആയി കണക്കാക്കി ചെറിയ സ്വയംസഹായസംഘങ്ങൾ ഉയർന്നു വരുന്നതും പ്രതീക്ഷയ്ക്ക് വക നല്കുന്ന വസ്തുതയാണ്.
ആർത്തവത്തെ പറ്റിയുള്ള മറ്റൊരു പ്രധാനപ്പെട്ട നിദർശനമാണ് ഇതിലെ ലിംഗനീതി.
സ്ത്രീകൾ=പൂർണത=ആർത്തവം=മാതൃത്വം എന്ന ശക്തമായ സമവാക്യം വളരെ പ്രശ്നകരം ആണെന്ന് മാത്രമല്ല, സ്ത്രീകൾക്ക് മാത്രമേ ആർത്തവമുള്ളൂ എന്ന ധാരണ അരക്കിട്ടുറപ്പിക്കുന്നതിനു അതിന് വലിയൊരു പങ്കുമുണ്ട്. ഇത്തരത്തിൽ ഉള്ള അബദ്ധധാരണകളെ ഊട്ടി ഉറപ്പിക്കുന്ന ഏതൊരു ഇടപെടലുകളും ആർത്തവം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുകയും സങ്കീർണത വർധിപ്പിക്കുകയും ചെയ്യുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നത് പോലെ തന്നെ അവരിൽ ആർത്തവം ഉണ്ടാകുന്ന വ്യക്തികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്. അതിനായി ചർച്ചകളിൽ അത്തരം വ്യക്തികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നത് ചർച്ചയുടെ സംഘാടകരുടെ ഉത്തരവാദിത്വം ആണ്.
ശരീരത്തെപറ്റിയും ലൈംഗികതയെപ്പറ്റിയും നമുക്ക് ശാസ്ത്രീയമായ അറിവ് പകർന്നു തരേണ്ട വിദ്യാലയങ്ങളിൽ അവ ഉൾപ്പെടുന്ന പാഠഭാഗങ്ങൾ പഠിപ്പിക്കുക പോലുമില്ല എന്നത് നിരന്തരം കെട്ടുകൊണ്ടിരിക്കുന്ന പരാതി ആണ്. ശരീരത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ, പ്രതേകിച്ചു ലൈംഗികതയിൽ, നാണിപ്പിക്കുന്ന എന്തോ ഒരു ഘടകം ഉണ്ടെന്ന ധാരണ ഇതോടെ ഉടലെടുക്കുന്നു. സ്വന്തം ലൈംഗിക അവയവങ്ങൾക്ക് കോഡ് ഉപയോഗിക്കാറുണ്ട് എന്ന് ഭൂരിഭാഗം സെഷനുകളിലും വ്യക്തികൾ, പ്രതേകിച്ചു കുട്ടികൾ, പറയാറുണ്ട്. ഇത് വികലമായ അറിവുകൾ ഉണ്ടാക്കുന്നു എന്ന് മാത്രമല്ല വളരെ നൈസർഗികമായ ഒരു പ്രക്രിയ ആയ ആർത്തവത്തെയും, സ്വന്തം ശരീരത്തെയും, നിഗൂഢമായ വസ്തു ആയി കാണാൻ പ്രേരിപ്പിക്കുന്നു. Co-Ed സ്കൂൾ ആയിട്ട് കൂടി പെൺകുട്ടികൾ മാത്രം പങ്കെടുക്കുന്ന ആർത്തവക്ലാസുകൾ SMKC എടുത്തു കൊടുക്കാൻ വിളിക്കാറുണ്ട് . നമ്മൾ പങ്കെടുക്കുന്ന ചർച്ചകളിൽ കഴിവതും ആർത്തവം ഉള്ളവരെയും ഇല്ലാത്തവരെയും ഉൾപ്പെടുത്താൻ ഞങ്ങൾ മനഃപൂർവമായി ശ്രെമിക്കാറുണ്ട്. ആദ്യത്തെ ചിരികൾക്കു ഒടുവിൽ വളരെ കാര്യഗൗരവത്തോടെ കാര്യങ്ങൾ പങ്കുവയ്ക്കുന്ന കുട്ടികൾ തരുന്ന പ്രതീക്ഷ വളരെ വലുതാണ്. ശാസ്ത്രീയമായ അറിവ് പകർന്നു നൽകുന്ന അധ്യാപനരീതിയുടെ ആവശ്യകത വളരെ വലുതാണ്. അതോടൊപ്പം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇത്തരം വിഷയങ്ങൾ അറപ്പോ നാണക്കേടോ ഇല്ലാത്ത വിധമുള്ള സംഭാഷണങ്ങൾ സ്വാഭാവികമായി വരുമ്പോൾ മാത്രമേ മിഥ്യാധാരണകൾക്ക് കുറവ് വരികയുള്ളൂ. അതുകൊണ്ട് തന്നെ ആർത്തവത്തെ പറ്റിയുള്ള തുറന്ന ചർച്ചകൾ വളരെ പ്രാധാന്യം അർഹിക്കുന്നു.
ശാരീരിക-മാനസിക വൈകല്യങ്ങൾ ഉള്ള വ്യക്തികൾ നമ്മുടെ നിത്യജീവിതത്തിലും പൊതുവിടങ്ങളിലും അദൃശ്യരെന്നപോലെ തന്നെ ആർത്തവചർച്ചകളിലും ഇടം നേടാറില്ല. ഇത്തരം നിശ്ശബ്ദരാക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കൂടെക്കൊണ്ട് മാത്രമേ ആർത്തവചർച്ചകൾ പൂർണമാകുകയുള്ളു. കാരണം ആർത്തവം ഉള്ള ഓരോ വ്യക്തിയുടെയും അനുഭവങ്ങൾ വ്യത്യസ്തമാണ്. ഈ അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടേണ്ടത് അത്യന്താപേക്ഷിതവുമാണ്. കിടപ്പുരോഗികളായവർ,വീൽ ചെയറിൽ ഉള്ളവർ എന്നിവരുടെ ആർത്തവാനുഭവങ്ങളും പ്രശ്നങ്ങളും ഒരു ableist ആയ ഒരു വ്യക്തിയുടെതിൽ നിന്നും വ്യത്യസ്തമാകുമെന്നു പറയേണ്ടതില്ലല്ലോ. ഓട്ടിസം (Autism) ഉള്ള ഒരു കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ആ കുട്ടിയുടെ ആർത്തവം കൈകാര്യം ചെയ്യാൻ എങ്ങനെ പഠിച്ചു എന്നത് ഒരിക്കൽ ഒരു ചർച്ചയിൽ കേൾക്കുവാൻ ഇടയായി. PMS (Premenstrual Syndrome) വരുമ്പോൾ വരുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമെന്നതും ഓട്ടിസം കാരണം പൊതുവിൽ തന്നെ ഉള്ള tantrum , PMS ഉണ്ടാകുമ്പോൾ എങ്ങനെ കൂടുതൽ വഷളാകുന്നു എന്നതും തുറന്നു പറഞ്ഞപ്പോൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്ത പലരും ഇങ്ങനെ ഒരു വശം ഉണ്ടെന്നത് അറിയുന്നത് പോലും. സ്വയം ആർത്തവം കൈകാര്യം ചെയ്യാൻ കഴിയാത്ത വ്യക്തികളുടെ കാര്യത്തിൽ ആർത്തവ ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പു പോലും നിസ്സാരമായ ഒരു കടമ്പ അല്ല. ഇവയെ മറികടക്കാൻ ഉള്ള ആർജവം സ്വയം നേടിയവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ സമാനമായ പരിതസ്ഥിതിയിൽ നിൽക്കുന്ന ആളുകൾക്കു ലഭിക്കുന്ന ഉൽകാഴ്ചകളും പ്രചോദനവും വളരെ വലുതാണ്.
അനുഭവങ്ങളും പശ്ചാത്തലങ്ങളും വിവിധതരം ആകുന്നതു കൊണ്ട് തന്നെ ആർത്തവത്തെ സംബന്ധിക്കുന്ന ഓരോ ഇടപെടലുകളും സഹചര്യങ്ങൾക്കു അനുസരിച്ചു മാറേണ്ടതുണ്ട്. ഇങ്ങനെയുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ തന്നെയാണ് ‘ഒരൊറ്റ പ്രശ്നം; ഒരൊറ്റ പരിഹാരം’ എന്ന തരത്തിൽ ഉത്പന്നവിതരണം മാത്രം നടന്നുവരുന്ന നിലവിലെ സമീപനം അപകടമാകുന്നത്. സാമൂഹിക- സാമ്പത്തിക-പാരിസ്ഥിതിക പശ്ചാത്തലങ്ങൾ മാറുന്നതിന് അനുസരിച്ചു ആർത്തവസംബന്ധ ഇടപെടലുകൾ മാറേണ്ടതുണ്ട്. അവബോധം സൃഷ്ടിക്കുന്ന തുല്യ പ്രാധാന്യത്തോടെ അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോഴേ ആർത്തവചർച്ചകൾ ആരോഗ്യപ്രദമാകൂ. വൈവിധ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള ഇടപെടലുകൾ ഉണ്ടാകട്ടെ എന്ന പ്രത്യാശയോടെ നമുക്കു മുന്നോട്ടു പ്രവർത്തിക്കാം.
Author: ബബിത P S